മേപ്പാടി: മൂപ്പൈനാട് താഴെ അരപ്പറ്റ വിംസ് ജംംഗ്ഷനിൽ റോഡിലെ വൈദ്യുതി ലൈനിന് മുകളിൽ പന്തലിച്ച് നിൽക്കുന്ന കൂറ്റൻ വാകമരം വൻ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കുള്ള നിരവധി ആളുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിങ്ങനെ നൂറു കണക്കിനാളുകൾ നിത്യേന ബസ് കാത്തു നിൽക്കുന്നത് ഇവിടെയാണ്. അവരുടെ തലയ്ക്ക് മുകളിലാണ് ഇങ്ങനെയൊരു അപകടം പതിയിരിക്കുന്നത്.
മരത്തിന്റെ വലിയ കൊന്പുകൾ കാറ്റടിച്ചാൽ പൊട്ടി വീഴാവുന്ന നിലയിലാണ്. കൊന്പുകൾക്ക് താഴെയായി വൈദ്യുതി ലൈൻ കടന്നു പോകുന്നത് ഏറെ ഭീതി ജനിപ്പിക്കുന്നു.
അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഹാരിസണ് എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരം നിൽക്കുന്നത്. തൊട്ടടുത്തായി എസ്റ്റേറ്റ് പാടിയും സ്ഥിതി ചെയ്യുന്നുണ്ട്. അതിൽ താമസിക്കുന്ന കുടുംബങ്ങളും അപകട ഭീഷണിയിലാണ്. അപകട ഭീഷണി ഉയർത്തുന്നതിനാൽ മരം ഏതുവിധേനയും മുറിച്ചു മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.